വംശഹത്യയുടെ ബാക്കിപത്രം
വീടിനു സമീപമുള്ള മരത്തിന്റെ ഉയരമുള്ള ശാഖയിൽ കടന്നലുകൾ കോളനി സ്ഥാപിച്ച് താമസം തുടങ്ങിയത് ആദ്യമായി കണ്ടത് തേങ്ങ പറിക്കാൻ വന്ന രാജീവനാണ്. അത്‌കേട്ട് മേലോട്ട് നോക്കിയപ്പോൾ പച്ചിലകൾക്കിടയിൽ കൂടിന്റെ വെള്ളനിറം കാണാനായി. വണ്ടിന്റെ രൂപമുള്ള മിസൈലുകൾ ആകാശത്തുകൂടി പറന്നുവന്ന് കൂട്ടിനകത്ത് കടക്കുന്നതും വെളിയിലേക്ക് പോവുകയും ചെയ്യുന്നത് കടന്നലുകളാണെന്ന് രാജീവൻ ഉറപ്പിച്ചുപറഞ്ഞു. അതോടെ പരിസരവാസികൾക്കെല്ലാം ഭയമാവാൻ തുടങ്ങി, കാരണം കടന്നൽകുത്തേറ്റ് മരണമടഞ്ഞതും ആശുപത്രിയിലായതുമായ വാർത്തകൾ പത്രത്തിൽ നിത്യേനയെന്നോണം കാണാറുണ്ട്.
കടന്നൽ കോളനി ഒറ്റയടിക്ക് നശിപ്പിക്കാനുള്ള മാർഗങ്ങൾ യുവാക്കളൊഴികെയുള്ള നാട്ടുകാർ ചിന്തിക്കാൻ തുടങ്ങി. (എന്റെ നാട്ടിലെ യുവാക്കൾക്ക് അതൊന്നും ചിന്തിക്കാനുള്ള നേരമില്ല, നേരമുള്ളപ്പോൾ ബോധമില്ല)
കടന്നൽ വന്യജീവിയല്ലെ? എനിക്കൊരു സംശയം; നേരെ ഫോൺ കറക്കി,,, ബോൺസായിയുടെ ഉടമ, ബ്ലോഗർ ചോപ്രയെ,,, ഏത് വന്യജീവിയെക്കണ്ടാലും വിളിക്കണം എന്ന് പറഞ്ഞ് നമ്മുടെ ചോപ്രാജി ഫോൺനമ്പർ തന്നതാണ്. അങ്ങനെ വിളിച്ചപ്പോൾ ചോപ്രാജി പറയുന്നു, ‘കടന്നൽ വന്യജീവിയല്ല, അതിനെ കൊല്ലുന്ന കാര്യം കൂടുതൽ അറിയാൻ ഹെഡ്‌ഓഫീസിലേക്ക് വിളിക്കാൻ’.
അടുത്ത കോൾ ഹെഡ്‌ഓഫീസിലേക്ക്,,, അതാ വരുന്നു മറുപടി, ‘ഇതൊന്നും നമ്മുടെ കാര്യമല്ല, നിങ്ങളുടെ ഇഷ്ടം പോലെ പിടിച്ച്‌കൊല്ലുകയോ തീവെച്ച്‌കൊല്ലുകയോ ചെയ്‌തോളൂ,, നമ്മൾ കൊഴപ്പത്തിനും കേസിനുമൊന്നും വരില്ല’.
അങ്ങനെ ആ രാത്രി വന്നു,,, ഇരുട്ടുള്ള ആ രാത്രി. നിർത്തിയിട്ട വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തത് അതിൽ മുക്കിയ തെങ്ങോലകൾ വലിയ മുളയുടെ അറ്റത്ത് കെട്ടി. ആ കെട്ടിന്റെ തുടർച്ചയായ കയർ പെട്രോളിൽ കുതിർത്ത് മുളയുടെ താഴെയറ്റം വരെ എത്തിച്ചു.
നമ്മുടെ കടന്നൽ കോളനിയിലെ റാണിയും രാജാവും തൊഴിലാളികളും പട്ടാളക്കാരു സുഖമായി ഉറങ്ങുന്ന ആ രാത്രി അത് സംഭവിച്ചു. ഏതാനും മനുഷ്യന്മാർ ചേർന്ന് മുള ഉയർത്തിയപ്പോൾ താഴ്ന്ന് കിടക്കുന്ന കയറിന്റെ അറ്റത്ത് തീക്കൊളുത്തി. തീ കയറിലൂടെ മേലോട്ടുയർന്ന് പെട്രോൾ മുക്കിയ ഓല ജ്വലിച്ച് കത്തി,,,
കടന്നൽ കോളനി പൂർണ്ണമായി കത്തിനശിച്ചു. പൾപ് കൊണ്ട് നിർമ്മിച്ച കൂടിന്റെ അവശിഷ്ടം ഏതാനും ദിവസത്തിനുശേഷം മരത്തിൽനിന്നും താഴെ വീണപ്പോൾ ഫോട്ടോ എടുക്കാൻ കഴിഞ്ഞു.
തട്ടു തട്ടുകളായി നിർമ്മിച്ച ഈ കൂട്ടിൽ ഒരിക്കൽ അനേകം കടന്നലുകൾ താമസിച്ചിരുന്നു.
ശില്പചാരുത കലർത്തി പടുത്തുയർത്തിയ കടന്നൽകൂടിന്റെ ഓരോ അറയിലും ഒരുകാലത്ത് ജീവചൈതന്യം തുളുമ്പിയിരുന്നു.
8 comments:
ഒരു ജനതതിയെ ഒന്നോടെ മുച്ചൂടും മുടിച്ചുവല്ലെ...??
അവരും ഈ ഭൂമിയുടെ അവകാശികളല്ലെ...?
ഈ പാപങ്ങളൊക്കെ എവിടെക്കൊണ്ടു കഴുകിക്കളയുമെന്റെ മിനി ടീച്ചറെ...?!!
കൊല്ലാൻ ഓരോ കാരണങ്ങൾ. ചാവാൻ ഓരോ വിഭാഗത്തിനും ഓരോ ദുര്യോഗങ്ങൾ!
അധിനിവേശത്തിന്റെ ആശാന്മാർ അമേരിക്ക മാത്രമല്ല. കൈയൂക്കും, മുഷ്ക്കും ഉള്ള എല്ലാവരും ചെയ്യുന്നതാണീ പോക്രിത്തരം. നമ്മളല്ലാതെ ഒന്നും ഈ ഏരിയയിൽ വേണ്ട, അനുവദിക്കില്ല എന്ന മനോഭാവം എത്ര കണ്ട് ശരിയാണ്?
കത്തിച്ചു കളഞ്ഞല്ലോ? ഇനി നേരാം ആത്മാവിനു ശാന്തി!
നശിപ്പിച്ചുകളഞ്ഞത് നന്നായി അല്ലെങ്കില്‍ തെങ്ങോലയോ മറ്റോവീണ് കൂടിളകിയാല്‍ ആ പരിസരത്തെ ഒരഞ്ചുപത്തുപേരെങ്കിലും ആശുപത്രിയിലും കുറച്ചുപേര്‍ നിത്യശാന്തിയിലും നിദ്രചെയ്തേനെ :). തേനീച്ചകളെ പോലെയല്ല ഇത് കടന്നലുകളാണ് നല്ല നാലു കുത്തു കിട്ടിയാല്‍ ആളുപടമാവും.
എന്‍റെ വീടിന്ന് തൊട്ടടുത്തുണ്ടായിരുന്ന ആല്‍ മരത്തില്‍ വലിയ വലിയ കടന്നല്‍ കൂടുകള്‍ ഉണ്ടായിരുന്നു. പലര്‍ക്കും കുത്ത് കിട്ടിയിട്ടുണ്ട്, ഒരിക്കല്‍ എനിക്കും. രണ്ടു തവണ ഇതേ മട്ടില്‍ പെട്രോളും മണ്ണെണ്ണയും ഉപയോഗിച്ച് നശിപ്പിച്ചു. ഏറെ താമസിയാതെ വീണ്ടും കൂട് കൂട്ടി. ഒടുവില്‍ നിലത്തു നിന്നും സ്പ്രേ ചെയ്യാവുന്ന വലിയ സ്പ്രെയര്‍ ഉപയോഗിച്ച് കീടനാശിനി അടിച്ച് മുഴുവന്‍ എണ്ണത്തേയും
കൊന്നു. ആല്‍മരം ഇല്ലാതായതിനാല്‍ ഇപ്പോള്‍ കടന്നലിന്‍റെ ശല്യമില്ല.
എല്ലാവരും പറയുന്നതുപോലെ കടന്നൽ അപകടകാരി തന്നെയാണ്...ശല്യപ്പെടുത്തിയാൽ ഭീകരമായിത്തന്നെ ആക്രമിക്കും.പലപ്പോഴും അത് മാരകവുമായിരിക്കും..എങ്കിലും അവർക്കുകൂടി അവകാശപ്പെട്ടതല്ലേ ഈ ഭൂമി..ചെറുപ്പത്തിൽ ഞങ്ങളും കടന്നൽക്കൂട് കത്തിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോൾ സാധിക്കുമെങ്കിൽ, രാത്രിയിൽ കൂട് ചാക്കിനുള്ളിലാക്കിയശേഷം, കാട്ടിൽകൊണ്ടുപോയി തുറന്നുവിടുകയാണ് ചെയ്യാറ്...ധൈര്യമുള്ളവരുണ്ടെങ്കിൽ ഈ വഴി ഒന്ന് പരീക്ഷിച്ചുനോക്കുക...എന്തിന് ഒരു ജീവി വർഗ്ഗത്തെ മുഴുവനായും ഭൂമിയിൽനിന്നും ഇല്ലാതാക്കാൻ നമ്മൾ കൂട്ടുനിൽക്കണം...
Engineers of Mother Nature.
ഉഗ്രൻ പോസ്റ്റ്..സൂക്ഷിച്ചോ..രക്ഷപെട്ട ചിലര് പ്രതികാരത്തിനു കൊമ്പും കൂർപ്പിച്ച് അവിടെ നടപ്പുണ്ടാവും..
നശിപ്പിക്കാതെ മരത്തിൽ കയറുന്ന മനുഷ്യർ അപൂർവ്വമാഇക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അവയെ രക്ഷിക്കാൻ നമ്മുടെ നാട്ടിൽ ആവില്ല. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പണ്ട് ഇതിനെയൊക്കെ കൊള്ളിന്നത് ഒരു ഹരം ആയിരുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
Post a Comment